Cyclone Ockhi; Rescue Operations Underway
കടലില്‍ ഓഖി ചുഴലിക്കാറ്റിപ്പെട്ട് കുടുങ്ങിപ്പോയ 185 പേരില്‍ 150 പേരെയാണ് ഇപ്പോള്‍ രക്ഷപ്പെടുത്തിയിരിക്കുന്നത്. വ്യോമസേനയുടേയും നാവിക സേനയുടേയും സംയുക്തമായ നീക്കത്തിലൂടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഹെലികോപ്റ്ററില്‍ കടലില്‍ നിരീക്ഷണം നടത്തി ഇവരെ വിമാനത്തിലേക്ക് കയറ്റിയാണ് കരയിലെത്തിക്കുന്നത്. രക്ഷപ്പെട്ട് എത്തിയവര്‍ക്ക് വേണ്ടി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. തിരുവനന്തപുരത്തും കൊല്ലത്തും കൂടാതെ ആലപ്പുഴയിലും കൊച്ചിയിലും കടല്‍ക്ഷോഭം ശക്തമാവുകയാണ്. തെക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയും ചുഴലിക്കാറ്റുമാണ് തെക്കന്‍ തീരത്ത് പ്രതീക്ഷിക്കപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്. നാവിക സേനയുടെ അഞ്ച് യുദ്ധക്കപ്പലുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. രണ്ട് യുദ്ധക്കപ്പലുകള്‍ ലക്ഷദ്വീപിലേക്കും പുറപ്പെട്ടിട്ടുണ്ട്. അത്യാവശ്യ സാധനങ്ങളായ ഭക്ഷണം, വെള്ളം, മരുന്ന്, ബ്ലാങ്കറ്റുകള്‍ എന്നിവ അടക്കം സംഭരിച്ചതാണ് കപ്പലുകള്‍. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണം ശക്തമാണ്.